Monday, 7 January 2013

About

കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്‌),blog പേജിലെക്ക് സ്വാഗതം

മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ പാര്‍ടികളിലൊന്നാണ്‌ സി.പി.ഐ(എം). സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം പിന്നിട്ട പാതകള്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്‌. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും മാനവികമായ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ പണിയെടുത്തു ജീവിക്കുന്നവരുടെഏറ്റവും വിശ്വസ്‌തതയുള്ള രാഷ്‌ട്രീയപാര്‍ടി.

സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ്‌ സി.പി.ഐ(എം) ലക്ഷ്യമാക്കുന്നത്‌. വര്‍ത്തമാന കാല ഇന്ത്യയിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസം മുര്‍ത്തമായി പ്രയോഗിക്കാനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയപാര്‍ടിയുടെ മുന്നേറ്റത്തിന്റെ വഴിയില്‍ ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌. മതനിരപേക്ഷതക്കായി ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ(എം)ആണ്‌ രാജ്യത്തെ വര്‍ഗീയ വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്‌. സംഘപരിവാരത്തിന്റെ ആക്രമണങ്ങളില്‍ മതന്യൂന പക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പരിച തീര്‍ക്കാന്‍ പാര്‍ടി ശ്രമിക്കുന്നു.

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളോട്‌ സി.പി.ഐ(എം) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ക്യൂബന്‍, വിയറ്റ്‌നാം ഐക്യദാര്‍ഡ്യ പ്രസ്ഥാനങ്ങള്‍ സാര്‍വ്വദേശീയ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌. ഇറാക്കിലെയും അഫ്‌ഗാനിസ്ഥാനിലെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളില്‍ പാര്‍ടി കണ്ണിചേരുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെയും കൃഷിക്കാരുടേയും സ്‌ത്രീകളുടേയും യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും ചെറുത്തുനില്‍പ്പുകളോട്‌ രാജ്യാ തിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി സി.പി.ഐ(എം) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

സ്‌ത്രീ സമത്വം, അധികാരവികേന്ദ്രീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവക്കായി സി.പി.ഐ(എം) നിലകൊള്ളുന്നു. പശ്‌ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.പി.ഐ(എം) നൂറുക്കണക്കിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണം നടത്തുന്നു. രാജ്യത്ത്‌ നിലനില്‍ക്കുന്ന മുതലാളിത്ത വികസനപാതയുടെ പരിമിതിക്കകത്തുനിന്ന്‌ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാനും പാര്‍ടി ശ്രമിക്കുന്നത്‌.

1957ല്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയെ അധികാരത്തിലെത്തിച്ച കേരളം പുതിയ ചരിത്രമാണ്‌ സൃഷ്‌ടിച്ചത്‌. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ സര്‍ക്കാര്‍ നല്‍കിയ പുതിയ ദിശാബോധമാണ്‌ `കേരളമാതൃക' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസത്തിന്‌ അടിത്തറ പാകിയത്‌. മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന അടിസ്ഥാനപാഠമാണ്‌ ഇ എം എസ്‌ നയിച്ച അന്നത്തെ സര്‍ക്കാര്‍ പ്രയോഗത്തിലൂടെ നല്‍കിയത്‌.

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക്‌ സ്വാഗതം

No comments:

Post a Comment